സർക്കാർ അഭിഭാഷകന്റെ പെരുമാറ്റം അതിരുവിട്ടു; ഹൈക്കോടതിയിൽ സിറ്റിംഗ് നിർത്തി വെച്ച് ജഡ്ജി

കൊച്ചി: കേരള ഹൈക്കോടതിയിൽ സിറ്റിംഗ് നിർത്തി വെച്ച് ജഡ്ജി. സർക്കാർ അഭിഭാഷകന്റെ പെരുമാറ്റം അതിരുവിട്ടതോടെയാണ് നടപടി. ഗവൺമെന്റ് പ്ലീഡറുടെ പെരുമാറ്റത്തിൽ ജഡ്ജി അതൃപ്തി അറിയിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെ ചേബംറിലേക്ക് വിളിച്ച് വരുത്തി. തുടർന്ന് ജഡ്ജി സർക്കാർ അഭിഭാഷകനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി നിയമിച്ചു. ഹൈക്കോടതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.

പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളി പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. സർക്കാർ അഭിഭാഷകൻ സി.എൻ.പ്രഭാകരൻ ഹൈക്കോടതി നടപടിയിൽ പരസ്യമായി അതൃപ്തി അറിയിതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അഭിഭാഷകൻ കോടതി മുറിയിൽ അധിക്ഷേപകരമായ പരാമർശങ്ങളും നടത്തി. സംസാരം അതിരുവിട്ടതോടെയാണ് കോടതി പ്രതികരിക്കാൻ ആരംഭിച്ചത്.

സി.എൻ.പ്രഭാകരനെ ഹൈക്കോടതി താക്കീത് ചെയ്തു. എന്നാൽ ഇതനുസരിക്കാതെ സർക്കാർ അഭിഭാഷകൻ അധിക്ഷേപം തുടരുകയായിരുന്നു. കോടതിയുടെ അന്തസ്സ് ഹനിക്കുന്ന രീതിയിൽ മോശം പരാമർശങ്ങൾ ആവർത്തിച്ചാൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകിയെങ്കിലും അഭിഭാഷകൻ അനുസരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ജഡ്ജി സിറ്റിംഗ് നിർത്തി വെച്ചത്.