കുര്‍ബാന ഏകീകരണത്തിന് ഒരു രൂപതക്ക് മാത്രം ഇളവുകളില്ല; സിനഡിന്റെ തീരുമാനം നടപ്പിലാക്കണമെന്നും വത്തിക്കാന്‍

കൊച്ചി: കുര്‍ബാന ഏകീകരണത്തിന് ഏതെങ്കിലും ഒരു രൂപതക്ക് മാത്രം ഇളവില്ലെന്നും എല്ലാ രൂപതകളും സിനഡിന്റെ തീരുമാനം നടപ്പിലാക്കണമെന്നും വത്തിക്കാന്‍. സീറോ മലബാര്‍ സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താന്‍ എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന് നിര്‍ദ്ദേശം നല്‍കി.

സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നവംബര്‍ 28 മുതല്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍, എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുര്‍ബാനക്രമം നടപ്പിലാക്കിയില്ല. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുതിയ രീതിയില്‍ കുര്‍ബാനയര്‍പ്പിച്ചിരുന്നു. കര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു.

സഭയില്‍ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ ഒന്നിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസ പ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്.