തീരാനഷ്ടം; ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറിന് വിട നൽകി രാജ്യം

ന്യൂഡൽഹി : കൂനൂരിലെ ഹെലിക്കോപ്ടർ അപകടത്തിൽ രാജ്യത്തിന് ഉണ്ടായിരിക്കുന്നത് തീരാനഷ്ടമാണ്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 13 പേരാണ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സ്റ്റാഫ് അംഗമായിരുന്നു എൽ.എസ് ലിഡ്ഡറും അപകടത്തിൽ മരണപ്പെട്ടു. ഔദ്യോഗിക ബഹുമതികളോടെ രാജ്യം അദ്ദേഹത്തിന് വിട നൽകിയിരിക്കുകയാണ്.

ഡൽഹിയിൽ കന്റോൺമെന്റിലെ ബ്രാർ സക്വയറിൽ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. രാവിലെ 9.15 നായിരുന്നു സംസ്‌കാരം. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എം.എം. നരവനെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി തുടങ്ങിയവരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ. 1990 ലാണ് അദ്ദേഹം ജമ്മു കശ്മീർ റൈഫിൾസിൽ ജോലി ആരംഭിച്ചത്. മികച്ച സൈനികൻ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകൻ കൂടിയായിരുന്നു അദ്ദേഹം. ബഹിരാകാശ യുദ്ധം, ഹൈബ്രിഡ് യുദ്ധം, സാറ്റലൈറ്റ് അധിഷ്ഠിത പ്രതിരോധ രീതികൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡറായിരുന്നു അദ്ദേഹം. അടുത്തിടെ മേജർ ജനറലായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഈ പദവി ഏറ്റെടുക്കുന്നതിന് മുൻപാണ് ലിഡ്ഡർ മരണപ്പെട്ടത്. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ അദ്ദേഹം നേടിയിട്ടുണ്ട്.