ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച യാത്രാനിരക്കിലുള്ള ഇളവുകൾ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായപ്പോഴാണ് മുതിർന്ന പൗരന്മാർക്കുൾപ്പെടെ നൽകിയിരുന്ന ഇളവുകൾ റെയിൽവേ റദ്ദാക്കിയത്.
കോവിഡ് വ്യാപനം കുറഞ്ഞ് ട്രെയിൻ സർവ്വീസുകൾ പഴയ രീതിയിലായിട്ടും ടിക്കറ്റ് നിരക്കിലെ ഇളവുകൾ പുനസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിരുന്നില്ല. കോവിഡ് വ്യാപനത്തിന് മുമ്പ് 53 വിഭാഗങ്ങളിലാണ് റെയിൽവേ ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്‌കാരം നേടിയ അദ്ധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ, കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു. നാല് വിഭാഗങ്ങളിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ എന്നിവർക്ക് തുടർന്നും യാത്രാനിരക്കുകളിൽ ഇളവ് ലഭിക്കുന്നതാണെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. ഈ വിഭാഗങ്ങളിലൊഴികെ മറ്റ് വിഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഇനിയും ഇളവുകൾ നൽകാൻ കഴിയില്ലെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
കോവിഡ് മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇളവുകൾ കുറയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇളവുകൾ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

