ആലപ്പുഴ: ആശങ്ക വിതച്ച് കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലാണ് സ്ഥിരീകരിച്ചത്. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂടാന്‍ കാരണമായിട്ടുണ്ട്. രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചത്.
ആലപ്പുഴയില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്. മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് നെടുമുടി പഞ്ചായത്തില്‍ ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത് എന്നാല്‍, മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണ്.
2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്ടീരിയ ബാധമൂലവും താറാവുകള്‍ ചത്തിരുന്നു. പതിനൊന്ന് പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് വിപണിയില്‍ നഷ്ടം വരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

