തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ്കുമാറാണ് സംഭവത്തിൽ സ്വമേധയാണ് കേസെടുത്തത്. പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് സ്‌കൂളിലെ പിഞ്ചുവിദ്യാർത്ഥികളെയാണ് തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഇത്തരത്തിൽ സ്റ്റിക്കർ പതിപ്പിച്ചത്. കുട്ടികളിൽ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലർ ഫ്രണ്ടുകാർ ബലം പ്രയോഗിച്ച് സ്റ്റിക്കർ പതിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിക്കും നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്നു നസീറാണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റു രണ്ട് പേർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകുകയും ചെയ്തിരുന്നു.
അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ചതിൽ ദേശീയ ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചു. സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടുമെന്ന് കമ്മീഷൻ ചെയർപേഴസൺ പ്രിയങ്ക് കനുംഗോ വ്യക്തമാക്കിയിരുന്നു.

