തിരുവനന്തപുരം: കഴിഞ്ഞ രണ്ടര ദശകത്തിനിടെ കടലെടുത്തത് സംസ്ഥാനത്തിന്റെ മൊത്തം കടൽ തീരത്തിന്റെ 45 ശതമാനമെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് തയ്യാറാക്കിയ നാഷണൽ ഷോർ ലൈൻ ചെയ്ഞ്ച് അസസ്മെന്റ് മാപ്പിംഗ് ഫോർ ഇന്ത്യൻ കോസ്റ്റൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1990 മുതൽ 2016 വരെ കാലയളവിലെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അശാസ്ത്രീയമായ ഹാർബർ, തുറമുഖ നിർമ്മാണം, മണൽ ഖനനം, തീരത്തെ പരിസ്ഥിതി വിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ മാറ്റം മൺസൂൺ വ്യതിചലനം, ആഗോള താപനം മൂലമുണ്ടായ സമുദ്ര ജലനിരപ്പിലെ വർദ്ധന എന്നിവയാണ് തീരം കടലെടുക്കാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കടലിൽ നിന്ന് ഏഴര മീറ്റർ വരെ പൊക്കമുള്ള പ്രദേശമാണ് തീരപ്രദേശം എന്നറിയപ്പെടുന്നത്. 592.96 കിലോമീറ്ററാണ് കേരളത്തിന്റെ തീരപ്രദേശം.
തിരുവനന്തപുരം തേങ്ങാപട്ടണത്തെ ഹാർബർ നിർമ്മാണം, തുറമുഖത്തെ ഡ്രഡ്ജിംഗ്, കൊല്ലം ആലപ്പാട്ട് വർഷങ്ങളായി നടക്കുന്ന മണൽ ഖനനം, ആലപ്പുഴയിൽ പുറക്കാട് മുതൽ ചെല്ലാനം വരെ അശാസ്ത്രീയ ഹാർബർ നിർമ്മാണം, പൊന്നാനി -കാസർകോട് വരെയുള്ള അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഭീഷണി സൃഷ്ടിക്കുന്നവ. 1993-2015 കാലയളവിൽ രാജ്യത്തെ സമുദ്രങ്ങളിൽ 3.3 മില്ലി മീറ്റർ ജലനിരപ്പ് ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊച്ചി തീരത്തെ സമുദ്ര ജലനിരപ്പിൽ പ്രതിവർഷം 1.75 മില്ലി മീറ്റർ വർധനയും ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ 169 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

