കോയമ്പത്തൂർ: രാജ്യത്തെ ജനങ്ങളെ മുഴുവൻ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗ വാർത്ത. കുനൂരിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. ബിപിൻ റാവത്തിന്റെ ഭാര്യ ഉൾപ്പെടെ 13 പേരാണ് ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. ബിപിൻ റാവത്ത് രാജ്യസേവനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ മധുലിക റാവത്ത് സമൂഹ സേവനത്തിനായി ജീവിതം മാറ്റിവെയ്ക്കുകയായിരുന്നു. കരസേനയിൽ സേവനം അനുഷ്ഠിക്കുന്നവരുടെ ഭാര്യമാർക്ക് എന്നും താങ്ങായി മധുലിക നിലകൊണ്ടിരുന്നു.
സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലിക പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒകളിൽ ഒന്നായ ആർമി വൈഫ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായും മധുലിക പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസേവനത്തിനിടെ വീരമൃത്യൂ വരിച്ച സൈനികരുടെ വിധവകളെ ശാക്തീകരിക്കുന്നതിനായി വിവിധ സന്നദ്ധ പരിപാടികളും മധുലിക നടത്തിയിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാമ്പെയ്‌നുകളും മധുലിക നടത്തിയിട്ടുണ്ട്.
അംഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനും മധുലിക എപ്പോഴും ശ്രദ്ധിച്ചിരുന്നു. സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനായി സ്വയം തൊഴിലുകൾക്കായി അവരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും മധുലിക ആവിഷ്‌ക്കരിച്ചിരുന്നു. ടെയ്‌ലറിങ്, നെയ്റ്റിങ്, ബാഗ് നിർമ്മാണം, കേക്ക് നിർമ്മാണം, ചോക്ലേറ്റ് നിർമ്മാണം തുടങ്ങിയ തൊഴിലുകളിൽ പരിശീലനം നേടാൻ മധുലിക സൈനികരുടെ ഭാര്യമാർക്ക് പ്രചോദനം നൽകി.
ഡൽഹി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ മധുലിക കാൻസർ ബാധിതർക്കായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

