ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് കുരുക്കായി കേന്ദ്ര പ്രഖ്യാപനം

ന്യൂഡല്‍ഹി: ക്രിപ്റ്റോ നിക്ഷേപകര്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്രിപ്‌റ്റോയിലെ നിക്ഷേപങ്ങളെ സാമ്പത്തിക ആസ്തിയായി കണക്കാക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ക്രിപ്റ്റോ ബില്ലില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബില്ലില്‍ ‘ക്രിപ്റ്റോ കറന്‍സി’ക്ക് പകരം ‘ക്രിപ്‌റ്റോ ആസ്തി’ എന്ന വാക്കാണ് കേന്ദ്രം ഉപയോഗിക്കുക.

ക്രിപ്റ്റോ കറന്‍സികളെയും നിക്ഷേപങ്ങളെയും നിയന്ത്രിക്കാന്‍ സെബിയെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് അടുത്തവര്‍ഷമാദ്യം അവതരിപ്പിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയെ മറ്റു ക്രിപ്റ്റോ കറന്‍സികളില്‍ നിന്ന് വേറിട്ടുനിറുത്തുക കൂടിയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യ ക്രിപ്റ്റോ കറന്‍സികളെ നിലവില്‍ നിരോധിച്ചിട്ടില്ല; അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലും ലോകത്ത് ക്രിപ്റ്റോ ഇടപാടുകള്‍ നടക്കുന്ന 154 രാജ്യങ്ങളില്‍ ഏഴാംസ്ഥാനത്താണ് ഇന്ത്യ.

നൂതന സാങ്കേതികവിദ്യയായ ‘ബ്‌ളോക്ക് ചെയിനിനെ’ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നിലവില്‍ സര്‍ക്കാരിനുള്ളത്. കറന്‍സിയായി ക്രിപ്‌റ്റോയെ അംഗീകരിക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

1 ക്രിപ്റ്റോയില്‍ നിക്ഷേപിച്ചവര്‍ കണക്കുകള്‍ സ്വയംവെളിപ്പെടുത്തണം; ഇതിന് നിശ്ചിത സമയം അനുവദിക്കും

2 ചട്ടം ലംഘിക്കുന്നവര്‍ക്ക് 20 കോടി രൂപവരെ പിഴയോ ഒന്നരവര്‍ഷം ജയില്‍ ശിക്ഷയോ നല്‍കാനും ക്രിപ്റ്റോ ബില്ലില്‍ വ്യവസ്ഥയുണ്ടാകും.

3 ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതും കേന്ദ്രം പരിഗണിക്കുന്നു