കോടികളുടെ ക്രമക്കേട്; ചര്‍ച്ചകളില്ലാതെ തട്ടിക്കൂട്ടിയ പദ്ധതികള്‍; തൃശൂര്‍ കോര്‍പ്പറേഷനിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്‌

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ട്. 2019 20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് നൂറുകോടിയില്‍പ്പരം രൂപയുടെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടിയത്. വിശദമായ ചര്‍ച്ചയും വിശകലനവും ഇല്ലാതെയാണ് പല പദ്ധതികളും തട്ടിക്കൂട്ടിയതെന്നാണ് ഉയര്‍ന്നു വരുന്ന മുഖ്യ വിമര്‍ശനം.

സ്വീവേജ് പാര്‍ക്കിന് അറുപത് സെന്റ് മതിയെന്നിരിക്കെ എട്ടേക്കറോളം ചതുപ്പ് നിലം വാങ്ങിയത് സംശയമുയര്‍ത്തുന്നുണ്ട്. ഈ ഇനത്തില്‍ കോര്‍പ്പറേഷനു നഷ്ടമായത് 4.3 കോടി രൂപ. തെരുവ് വിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചെങ്കിലും സമയബന്ധിതതമായി നടപ്പാക്കിയില്ല. ഇത് വഴി നഷ്ടമായത് 11.6 കോടി രൂപയാണ്. പൊതു ടാപ്പുകള്‍ പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്താത്തതിനാല്‍ 34.3 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് അധികമായി നല്‍കേണ്ടിവന്നു.

കണ്ണന്‍കുഴി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ മറവില്‍ 22.2 കോടി രൂപ പാഴാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ജലവൈദ്യുത പദ്ധതി ജല ലഭ്യതയില്ലാത്ത സ്ഥലത്ത് സ്ഥാപിക്കാന്‍ ശ്രമംനടത്തിയത് വഴി ഫണ്ട് പാഴാക്കി. ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിന്റെ ഭാഗമായ സ്ഥലത്ത് നിര്‍മാണാനുമതി ലഭിക്കുന്നതിനു മുമ്പു പണി തുടങ്ങിയതുവഴി നാലുകോടി രൂപ പാഴായി. കെട്ടിട വാടക കുടിശിക ഇനത്തില്‍ 15 കോടി നഷ്ടമായി. വാടകക്കുടിശികയും നികുതി കുടിശികയും പിരിച്ചെടുക്കാന്‍ ശ്രമം നടത്തിയില്ല. കേബിള്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടിപ്പൊളിച്ചതിന് നഷ്ടപരിഹാരമായി റിലയന്‍സ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഈടാക്കേണ്ട റിസ്റ്റൊറേഷന്‍ ചാര്‍ജ് കുറച്ച് നല്‍കിയതുവഴി 91 ലക്ഷം നഷ്ടമായി. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കില്‍ കോര്‍പ്പറേഷന്‍ മുന്‍ കാല പ്രാബല്യത്തോടെ ഏകപക്ഷീയമായി കുറവ് വരുത്തുകയായിരുന്നു. ഇത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്നും വിമര്‍ശനം.