വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണം; അനിശ്ചിത കാല സമരം നടത്താനൊരുങ്ങി സ്വകാര്യ ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അനിശ്ചിത കാല സമരം നടത്താനൊരുങ്ങി സ്വകാര്യ ബസുകൾ. വിദ്യാർഥികളുടെ നിരക്ക് കൂട്ടാതെ ബസ് ചാർജ് വർധിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്.

വിദ്യാർഥികളുടെ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് മിനിമം ആറ് രൂപയാക്കുക, മിനിമം ചാർജ് 12 രൂപയായി ഉയർത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടുവെയ്ക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, ഇന്ധന വില വർധന തുടങ്ങിയവ കാരണം ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് അടക്കം ഉടൻ വർധിപ്പിക്കണമെന്നും ബസുടമകൾ പറയുന്നു.