പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നാണ് സംസ്ഥാനത്തിന് നികുതി വരുമാനം ലഭിക്കുന്നത്; ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ധനമന്ത്രി

kn Balakrishnan

കോഴിക്കോട്: ജി.എസ്.ടിയുടെ പരിധിയിൽ പെട്രോളിനെയും ഡീസലിനെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദിവസവും വില വർദ്ധിക്കുന്ന പാചക വാതകം ജി.എസ്.ടിയുടെ പരിധിയിലാണ്. സംസ്ഥാന സർക്കാരിനും വ്യവസായികൾക്കും ബുദ്ധിമുട്ടാണ് ജി.എസ്.ടി കാരണമുണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനം നിലവിൽ വലിയ കടബാധ്യതയിലാണ്. പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നാണ് സംസ്ഥാനത്തിന് കാര്യമായ നികുതി വരുമാനം ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഭൂമിയുടെ കുറവ് കൊണ്ട് ആർക്കും വ്യവസായം തുടങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് സ്പോർട്‌സ് വില്ലേജ് സ്ഥാപിക്കും. കല്ലായി മരവ്യവസായത്തെ സംരക്ഷിക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.