ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കല്‍; സെക്രട്ടേറിയേറ്റിന് മുന്നില്‍ ഡോക്ടര്‍മാരുടെ നില്‍പ്പ് സമരം നാളെ മുതല്‍

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ്പ് സമരം ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. നാളെ മുതല്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ വരെ നാളെ സമരത്തില്‍ പങ്കെടുക്കും. നീറ്റ് – പി.ജി പ്രവേശനം നീളുന്നതില്‍ പ്രതിഷേധിച്ച് പി.ജി ഡോക്ടര്‍മാരും സമരം ശക്തമാക്കുകയാണ്. എമര്‍ജന്‍സി ചികിത്സകളില്‍ നിന്ന് വരെ വിട്ടുനിന്നുള്ള പ്രതിഷേധം മെഡിക്കല്‍ കോളേജുകളെ ബാധിക്കും. ശമ്പള വര്‍ധനവിലെ അപാകതയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരും സമരത്തിലാണ്. നിരാഹാരം അനുഷ്ഠിച്ചും പഠനം നിര്‍ത്തിവെച്ചുമാണ് അവരുടെ സമരം നടക്കുന്നത്