തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും ആഭ്യന്തര വകുപ്പില്‍ നിന്നും നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങളാണുണ്ടാകുന്നതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നിലനിറുത്തിയതെന്തിനാണെന്നും സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്ക് ജില്ലാനേതൃത്വം മറുപടി നല്‍കിയത്.
സംസ്ഥാനത്ത് ഈയിടെ നടന്ന സംഭവങ്ങളായ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്, ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് മൊഫിയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്, മലയിന്‍കീഴില്‍ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനൊപ്പം ആറുവയസുകാരിയെയും അമ്മയെയും വീട്ടുകൊടുത്ത നടപടി എന്നിവയെല്ലാം കേരളാ പോലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതെല്ലാം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നു. കൂടാതെ, ആറ്റിങ്ങലിലെ പിങ്ക് പോലീസ് എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചതും മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരും പങ്കുചേര്‍ന്നതും സംസ്ഥാന പോലീസ് വകുപ്പിന് വലിയ കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്.

