ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽഗാന്ധി. കാർഷിക നിയമവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിം?ഗ് തോമറിന്റെ പരാമർശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്നാണ് കൃഷി മന്ത്രി പറയുന്നത്. നാനൂറോളം കർഷക കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ 5 ലക്ഷം സഹായ ധനം നൽകി. ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും നൽകി. ഈ കണക്കുകൾ സഭയുടെ മേശപ്പുറത്ത് വെക്കുന്നുവെന്നും കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം ഭാവിസമര പരിപാടികൾ ആലോചിക്കാൻ വേണ്ടി സംയുക്ത കിസാൻ മോർച്ച സിംഘുവിൽ യോഗം ആരംഭിച്ചു. കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിന്റെ അതൃപ്തി കാർഷിക സംഘടനകൾക്കുണ്ട്. താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും കാർഷിക സംഘടനകൾ മുന്നോട്ട് വെയ്ക്കുന്നു.

