കൈക്കൂലി വാങ്ങുന്നവരാണ് അട്ടപ്പാടി സന്ദര്‍ശനവേളയില്‍ ആരോഗ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നവരെന്ന് ഡോ. പ്രഭുദാസ്

പാലക്കാട്: അട്ടപ്പാടി വിഷയത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീസറും കോട്ടത്തറ ആശുപത്രി സൂപ്രണ്ടുമായ ഡോ. പ്രഭുദാസ്.

ആശുപത്രി മാനേജ്‌മെന്റിലെ പല അംഗങ്ങളും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി നല്‍കിയാലേ ഒപ്പിട്ട് നല്‍കൂവെന്ന് പറഞ്ഞവര്‍ ആണ് മന്ത്രിക്ക് ഒപ്പം അട്ടപ്പാടി സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നവര്‍ എന്ന് പ്രഭുദാസ് ആരോപിച്ചു. കൈക്കൂലി വാങ്ങുന്നത് തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് തനിക്കെതിരെയുള്ള നീക്കങ്ങളെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ മാതൃശിശു വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കണമെന്നും ലിഫ്റ്റ് നിര്‍മിക്കാന്‍ ഫണ്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് പല തവണ കത്തയച്ചിട്ടുണ്ട്. എന്നാല്‍, ഇത് സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇക്കാര്യങ്ങളിലുള്‍പ്പടെ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി മാനേജ്‌മെന്റിലെ പല അംഗങ്ങള്‍ ചെയ്തത്. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും പ്രശ്‌നമില്ലെന്ന് പ്രഭുദാസ് കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണെന്ന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു മന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയിലെത്തിയത്. സന്ദര്‍ശനത്തിന് പിന്നാലെ തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്ന് പ്രഭുദാസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ആശുപത്രി സൂപ്രണ്ട് പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനാകില്ലെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.