‘സാങ്കേതികവും നിയമപരവുമായ ചില തടസങ്ങളുണ്ട്’; കെപിഎസി ലളിതയുടെ ചികിത്സാ സഹായം സര്‍ക്കാരിന്റെ പാഴ്‌വാക്കോ?

നടി കെപിഎസി ലളിതക്ക് ചികിത്സക്ക് സര്‍ക്കാര്‍ സഹായം നല്‍കിയതില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും മുന്നോട്ട് വന്നിരുന്നു. കെപിഎസി ലളിതക്ക് അതിന് അര്‍ഹതയുണ്ടോ എന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍, പ്രഖ്യാപിച്ച സഹായം ഇനിയും കെപിഎസി ലളിതക്ക് കിട്ടിയിട്ടില്ലെന്നതാണ് സൂചന. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചികിത്സാ സഹായം ലഭിക്കാതായതോടെ നടി ചികിത്സ അവസാനിപ്പിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രിയിലെ ചികിത്സാ ചിലവ് താങ്ങാനാവുന്നില്ലെന്നും അതിനാല്‍ വീട്ടിലേക്ക് മടങ്ങണമെന്നും ലളിത ആവശ്യപ്പെടുകയായിരുന്നു. കെപിഎസി ലളിതയുടെ ചികിത്സാ ചിലവുകള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിന് സാങ്കേതികവും നിയമപരവുമായ ചില തടസങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യമൊരുക്കാമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുമ്പോട്ട് വെക്കുന്നതെന്നാണ് സൂചന. അതിനിടെയാണ് കെപിഎസി ലളിത സ്വന്തം നിലക്ക് ഡിസ്ചാര്‍ജ് വാങ്ങി വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങിയത്. കരള്‍മാറ്റ ശസ്ത്രക്രിയക്കാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കരള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ അറിയിക്കണമെന്ന് കാണിച്ച് മകള്‍ ശ്രീലക്ഷ്മി കുറച്ചു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഇപ്പോള്‍ ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചുവെങ്കിലും വടക്കാഞ്ചേരി എങ്കക്കാടുള്ള വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.