തിരുവനന്തപുരം: മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന് സംസ്ഥാനത്തെ റോഡുകളെ കുറിച്ച് വിമര്‍ശിച്ച നടന് ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തേയും ചിറാപുഞ്ചിയേയും തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കീലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകള്‍ എന്താണെന്ന് പഠിക്കുമെന്നും റിയാസ് വ്യക്തമാക്കി.
മഴ ഒരു തടസം തന്നെയാണ് ഇത് തുടര്‍ന്നാല്‍ എന്ത് ചെയ്യണമെന്നാണ് ഭാവിയില്‍ പഠിക്കേണ്ടത്. അല്ലാതെ അയ്യോ മഴയെന്ന് പറഞ്ഞ് പ്രയാസപ്പെടുകയല്ല വേണ്ടത്, അതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രസംഗത്തില്‍ ഭൂരിഭാഗവും സര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന് ജയസൂര്യ ചെയ്തത് എന്നും റിയാസ് പറഞ്ഞു.
‘റോഡ് നികുതി അടക്കാന്‍ ഒരാള്‍ ചിലപ്പോള്‍ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയേ പറ്റു. അതിനായി എന്തൊക്കെ റിസ്ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നാണ്’ ജയസൂര്യ പറഞ്ഞത്. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പരിപാല ബോര്‍ഡ് സ്ഥാപിക്കുന്ന പരിപാടിയില്‍ മുഹമ്മദ് റിയാസിനൊപ്പം ഉദ്ഘാടനകായി എത്തിയപ്പോഴായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.

