കർഷക സമരം തുടരും; നിലപാട് വ്യക്തമാക്കി കിസാൻ സംയുക്ത മോർച്ച

ന്യൂഡൽഹി: കർഷക സമരം തുടരുമെന്ന് കാർഷിക സംഘടനകൾ. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ കർഷക സമരം തുടരുമെന്നാണ് കിസാൻ സംയുക്ത മോർച്ച അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, മിനിമം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നൽകുക, കർഷക സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് കാർഷിക സംഘടനകളുടെ ആവശ്യം. ഇത്തരത്തിലുള്ള ആറ് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കിസാൻ സംയുക്ത മോർച്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

സംയുക്ത കിസാൻ മോർച്ചയിൽ നാൽപ്പതോളം കർഷക സംഘടനകളാണ് ഉൾപ്പെടുന്നത്. താങ്ങുവില സംബന്ധിച്ച് സർക്കാരുമായുള്ള ചർച്ചകൾക്കായി അഞ്ച് അംഗങ്ങളെ ഇന്ന് ചേർന്ന യോഗത്തിൽ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബർ ഏഴിന് വീണ്ടും കിസാൻ മോർച്ചയുടെ യോഗം ചേരും. ഇന്നത്തെ യോഗ തീരുമാനങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കുമെന്നും കർഷക സംഘടന പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ സമരം ഉപരോധ സമരം തുടരുന്നതിൽ കർഷക സംഘടനയിലെ തന്നെ ചിലർക്ക് എതിർപ്പുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ സമരം തുടരുന്നതിലാണ് ചിലർ എതിർപ്പ് അറിയിച്ചിരിക്കുന്നത്. സമരരീതി മാറ്റണമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

നവംബർ 19-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് പാർലമെന്റിന്റെ ഇരുസഭകളും ചേർന്ന്‌നിയമം റദ്ദാക്കുന്ന ബില്ല് പാസാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെയ്ക്കുകയും ചെയ്തു.