ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവർക്കുമറിയാം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനങ്ങൾക്കായി ജനങ്ങൾ സമീപിക്കുമ്പോൾ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ജനങ്ങളെ പ്രയാസപ്പെടുത്താനല്ല ഉദ്യോഗസ്ഥർ കസേരയിലിരിക്കേണ്ടത്. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ചില ഉദ്യോഗസ്ഥർ വാതിൽ തുറക്കുന്നില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പോലും ചിലർ ഉഴപ്പുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഡാം വേണമെന്ന ആവശ്യത്തെ ദുർബലപ്പെടുത്തുന്നത് കേരള സർക്കാരാണെന്നും ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് ഒപ്പമാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്ക് അനുമതി നൽകിയത് തമിഴ്‌നാടിന് സഹായകരമായ നിലപാടാണ്. മന്ത്രിമാരെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും ഓഫീസും ഈ തീരുമാനം എടുത്തത് എന്തിന് വേണ്ടിയാണെന്നും വി ഡി സതീശൻ ചോദിച്ചു. മുല്ലപ്പെരിയറിൽ സർക്കരിന്റെ അലംഭാവം വെടിയുക, തമിഴ്‌നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസ സമരവും ഉദ്ഘാടനം ചെയ്തു.