ബംഗളൂരു: ഒമൈക്രോണ്‍ വ്യാപനം നടന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായില്ല. കര്‍ണാടകത്തില്‍ രാജ്യത്ത് ആദ്യമായി രണ്ടുപേരില്‍ കോവിഡ്-19 വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ഇക്കാര്യം പുറത്ത് വരുന്നത്. വിദേശികളെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലെങ്കില്‍ അവരെ കണ്ടെത്താന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിലെ ഒമൈക്രോണ്‍ സ്ഥിരീകരണത്തിന് പിന്നാലെ 57 യാത്രക്കാരാണ്അവിടെ നിന്നും ബംഗളൂരുവില്‍ എത്തിയതെന്നും ഇവരില്‍ 10 പേരുടെ വിലാസം കണ്ടെത്താന്‍ ബംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന് സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു. കര്‍ണാടകത്തില്‍ 66ഉം, 46ഉം പ്രായമായ രണ്ട് പുരുഷന്മാരിലാണ് രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. വൈറസ് വകഭേദം കണ്ടെത്തിയ നാല്‍പ്പത്തിയാറുകാരന്‍ ബംഗളൂരു സ്വദേശിയായ ഡോക്ടറാണ്. ഇവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഒമൈക്രോണ്‍ സ്ഥിരീകരിച്ച അറുപത്തിയാറുകാരന്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. ഇദ്ദേഹം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും, ഐസൊലേഷന് ശേഷം സ്വകാര്യ ലാബില്‍നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതര്‍ അറിയിച്ചു.

