കനത്ത മഴയുല്‍ ഇടുക്കി ഡാം തുറന്നത് മൂന്ന് തവണ; കെഎസ്ഇബിക്ക് 50 കോടിയുടെ നഷ്ടം

ഇടുക്കി: സംസ്ഥാനത്തെ കനത്ത മഴയില്‍ ഇടുക്കി ഡാം തുറന്നതിലൂടെ കെഎസ്ഇബിക്ക് ഇത്തവണയുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. 97 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുന്ന വെള്ളമാണ് ഷട്ടര്‍ തുറന്ന് ഒഴുക്കിവിട്ടത്. ചരിത്രത്തിലാദ്യമായി ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി ഡാം തുറന്നത്.

ഒക്ടോബര്‍ 19 നാണ് ആദ്യം ഡാം തുറന്നത്. 27 ന് ഡാം അടച്ചപ്പോഴേക്കും 46.29 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിപ്പോയി. ഇതുകൊണ്ട് 68.5 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. നവംബര്‍ 14 നായിരുന്നു അടുത്തതായി തുറന്നത്. 16 ന് രാത്രി ഷട്ടര്‍ അടച്ചപ്പോഴേക്കും 12.6 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിക്കാന്‍ പറ്റുന്ന എട്ട് മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. രണ്ട് ദിവസത്തിനകം വീണ്ടും ഡാം തുറന്നു. 18 മുതല്‍ 20 വരെയുളള ഈ തുറക്കലില്‍ 16.45 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റുന്ന വെള്ളം നഷ്ടമായി.

ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ച് രൂപവച്ച് കണക്കാക്കിയാല്‍ ആദ്യ തവണ 35.8 കോടിയുടേയും രണ്ടാം തവണ 6.3 കോടിയുടെയും മൂന്നാം തവണ 8.22 കോടിയുടെയും നഷ്ടം കെഎസ്ഇബിക്ക് സംഭവിച്ചു. 2018 ല്‍ ഡാം തുറന്നപ്പോള്‍ 800 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. അതില്‍ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും ഇരുട്ടടി.