ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് വകഭേദം സംഭവിച്ച ഒമൈക്രോണ്‍ വൈറസ് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചത്. പിന്നീട് മറ്റ് പല രാജ്യങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്ത്യയില്‍, കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യതിയാനം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമൈക്രോണിനെതിരെയും കൊവാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താതെ ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷമേ വൈറസ് വകഭേദത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പിള്‍ ലഭിച്ചാലുടന്‍ വാക്‌സിനുകളുടെ കഴിവ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ടെസ്റ്റ് ചെയ്യും. വുഹാനില്‍ കണ്ടെത്തിയ യഥാര്‍ത്ഥ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസുകളെയും പ്രതിരോധിക്കാനാകുമെന്നും ഭാരത് ബയോടെക് വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്.

