മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിന് തമിഴ്‌നാടിനെതിരെ വ്യാപക പ്രതിഷേധം

ഇടുക്കി: മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ ഒരുമിച്ചു തുറന്ന തമിഴിനാടിനെതിരെ വ്യാപക പ്രതിഷേധം. സമര സമിതിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ റോഡുപരോധവും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഇനിയുമുണ്ടാകുമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് ഡാം തുറന്നു വിട്ടതിനെ തുടര്‍ന്നുള്ള വെള്ളം വള്ളക്കടവ് ഭാഗത്ത് ഉയര്‍ന്നത്. അതിവേഗത്തില്‍ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്ന സമയങ്ങളില്‍ തേനി കളക്ടര്‍ ഇടുക്കി കളക്ടറെ മുന്‍കൂട്ടി അറിയിക്കാറുണ്ടായിരുന്നു. പക്ഷേ ഇന്നലെ യാതൊരു മുന്നറിയിപ്പും ഇല്ലായിരുന്നു. ഇത്തരത്തില്‍ ധിക്കാരപരമായ നടപടി സര്‍ക്കാരിന്റെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗൗരവതരമായ വിഷയമാണന്നും മന്ത്രിതല ഇടപെടല്‍ വേണമെന്നതും അനിവാര്യമാണെന്നും നാട്ടുകാരനായ പി.എന്‍ സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

തീരദേശവാസികള്‍ ഇന്നലെ കഴിഞ്ഞുകൂടിയത് വനപ്രദേശത്താണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രാവിലെ 9 മണിയോടടുത്താണ് മേഖലയില്‍ ജലനിരപ്പ് ഏറെക്കുറെ സാധാരണഗതിയിലായത്.