പ്രോട്ടോക്കോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താം: മന്ത്രി സജി ചെറിയാന്‍

തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ഒമൈക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതേസമയം, പ്രോട്ടോകോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്.

സിനിമാ തിയേറ്ററുകളില്‍ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തിയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം സംബന്ധിച്ച് നിലവില്‍ സംസ്ഥാനത്ത് വളരെ കുറഞ്ഞ രീതിയിലുള്ള നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. അതിലൊന്നാണ് തീയറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റി.

‘ഒമൈക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. കൂടാതെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.