ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തിലുണ്ടായ ബഹളത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ബിനോയ് വിശ്വം, എളമരം കരിം എന്നിവരടക്കമുള്ള എംപിമാരെയാണ് ഈ സമ്മേളനകാലം മുഴുവന്‍ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ നേരിടുന്നവരില്‍ ആറ് കോണ്‍ഗ്രസ് എംപിമാരുമുണ്ട്.
അതേസമയം, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റവരി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അങ്ങനെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ ഇന്നത്തെ പാര്‍ലമെന്റ് സമ്മേളനത്തോടെ പിന്‍വലിച്ചു. രാവിലെ ലോക്സഭ പാസാക്കിയ ബില്‍ ഉച്ചയോടെ രാജ്യസഭയും പാസാക്കി. ലോക്സഭയിലേതുപോലെ ചര്‍ച്ചയില്ലാതെയാണ് രാജ്യസഭയും ബില്‍ പാസാക്കിയത്.
ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. ഇതോടെ സഭയില്‍ പ്രതിപക്ഷ ബഹളം തുടങ്ങുകയും, തുടര്‍ന്ന് ശബ്ദ വോട്ടോടെ ബില്‍ പാസാക്കുകയും ചെയ്തു.

