ന്യൂഡല്‍ഹി: പായലില്‍നിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാനൊരുങ്ങി കേരളവും. ശാസ്ത്രീയമായും സാമ്പത്തികമായും പ്രായോഗികമാകുമെങ്കില്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
ജൈവ ഇന്ധനങ്ങള്‍ ഇപ്പോള്‍ പലയിടത്തുമുണ്ടെങ്കിലും ചിലവു കൂടുതലാണെന്നതാണ് പ്രശ്നം. എന്നാല്‍, സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാകുമെന്ന് പരിശോധിക്കണം. അതേസമയം, പായലില്‍നിന്ന് ഇന്ധനമുണ്ടാക്കുന്ന ആശയത്തെ താല്‍പര്യത്തോടെയാണ് സമീപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
റാഞ്ചിയില്‍ പായലില്‍നിന്ന് ജൈവ ഡീസലുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കൂടുതല്‍ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇത് ലാഭകരമാകുമെന്ന് റാഞ്ചിയില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയ എന്‍ജിനീയര്‍ വിശാല്‍ പ്രസാദ് ഗുപ്ത അഭിപ്രായപ്പെട്ടിരുന്നു. ഈ പദ്ധതിയെക്കുറിച്ച് കൂടുതലറിയാന്‍ കേരളസര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടുവെന്നും വിഷയമവതരിപ്പിക്കാന്‍ ക്ഷണിച്ചെന്നും വിശാല്‍ അറിയിച്ചു. റാഞ്ചിയില്‍ ബയോ ഡീസല്‍ പമ്പ് പ്രവര്‍ത്തനം കഴിഞ്ഞ ഡിസംബറിലാണ് തുടങ്ങിയത്. സാധാരണ ഡീസലിനെക്കാള്‍ ലിറ്ററിന് പത്തുരൂപ കുറച്ചാണ് വില്‍ക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദമാണെന്നതും ബയോ ഡീസലുണ്ടാക്കുമ്പോഴുള്ള ഉപോത്പന്നങ്ങള്‍ വളമായി ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പായലില്‍നിന്നുള്ള ജൈവ ഇന്ധനോല്‍പാദനം ഇതിനകം തന്നെ പല രാജ്യങ്ങളിലും തുടങ്ങിയിട്ടുണ്ട്.

