വിവിധ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഇന്ത്യയും. നവംബര്‍ ആദ്യ ആഴ്ച മുതല്‍ വിദേശത്ത് നിന്ന് രാജ്യത്തെത്തിയവരുടെ യാത്രാവിവരങ്ങള്‍ പരിശോധിക്കും. കൊവിഡ് പരിശോധന, വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ പരിഷ്‌കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ 26നു പുറത്തിറക്കിയ ‘റിസ്‌ക്’ പട്ടികയിലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രയേല്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 7 ദിവസം ക്വാറന്റീന്‍ ഉറപ്പാക്കേണ്ടതാണ്. എല്ലാ യാത്രക്കാരും യാത്രക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. യാത്രക്കു മുന്‍പുള്ള 14 ദിവസത്തെ വിവരം നല്‍കണം. ‘റിസ്‌ക്’ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന. പോസിറ്റീവെങ്കില്‍ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സയും സാംപിളിന്റെ ജനികത ശ്രേണീകരണവും. നെഗറ്റീവാണെങ്കില്‍ 7 ദിവസം ക്വാറന്റീന്‍. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് 7 ദിവസം സ്വയം നിരീക്ഷണം, എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
പോസിറ്റീവ് ആകുന്നവര്‍ക്ക് ഒമൈക്രോണ്‍ അല്ലെന്നു സ്ഥിരീകരിച്ചാല്‍ നെഗറ്റീവ് ആകുമ്പോള്‍ ആശുപത്രി വിടാം. ഒമൈക്രോണ്‍ ആണെങ്കില്‍ കര്‍ശന ഐസൊലേഷനുണ്ടാകും. റിസ്‌ക് പട്ടികയിലില്ലാത്ത രാജ്യത്തു നിന്നുള്ള യാത്രക്കാരില്‍ 5 % പേര്‍ക്കു കോവിഡ് പരിശോധന. പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണവും ഐസൊലേഷനും ബാധകം. നെഗറ്റീവായാല്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം. ക്വാറന്റീനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നതിനിടെ രോഗലക്ഷണം വന്നാല്‍ വീണ്ടും പരിശോധന നടത്തും. അന്താരാഷ്ട്ര തലത്തിലെ വിമാന സര്‍വീസുകള്‍ വരും ദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ. ഒമൈക്രോണിന്റെ തീവ്ര വ്യാപനശേഷി പരിഗണിക്കുമ്പോള്‍ മൂന്നാഴ്ചയ്ക്കിടെ കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് എത്തിയിരിക്കാനാണു സാധ്യത.

