തിരുവനന്തപുരം: ആർ.എസ്.എസ് സൈദ്ധാന്തികൻ സവർക്കറിനെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സവർക്കർ വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറെ എതിർക്കുന്നവർ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സവർക്കറുടെ ചിന്താഗതികൾ രാഷ്ട്രവികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വച്ചുള്ളതായിരുന്നുന്നു. ഗാന്ധിജിക്ക് മുൻപ് തന്നെ തൊട്ടുകൂടായ്മക്കെതിരെ ശബ്ദമുയർത്തിയ നേതാവാണ് സവർക്കറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരാവകാശ കമ്മിഷണർ ഉദയ് മാഹുർക്കർ എഴുതിയ സവർക്കറെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്റെ മാതാപിതാക്കളെ ഗവർണർ നേരത്തെ സന്ദർശിച്ചിരുന്നു. . മോഫിയയുടെ ആത്മഹത്യ നിർഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് ഗവർണർ വ്യക്തമാക്കി. പെൺകുട്ടികൾ ധൈര്യശാലികളാകണമെന്നും അനീതിക്കെതിരെ പോരാടുകയാണ് വേണ്ടതെന്നും ജീവനൊടുക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

