തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള ആര്‍ബിഐ നിബന്ധനകള്‍ കര്‍ശനമാക്കുന്നതിനെ നിയമപരമായി നേരിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബാങ്കുകളെ ദോഷകരമായി ബാധിക്കുന്ന റിസര്‍വ് ബാങ്കിന്റെ നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. അംഗത്വം, ഇന്‍ഷുറന്‍സ് പരിരക്ഷ വിഷയങ്ങളില്‍ ആര്‍ബിഐ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ബിഐയ്ക്ക് നിവേദനം നല്‍കുമെന്നും ഇതോടൊപ്പം തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
‘സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്പയും അടക്കമുള്ള വിശദവിവരം സംസ്ഥാനങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിര്‍ദേശിച്ചിരുന്നെങ്കിലും കേരളം വഴങ്ങിയില്ല. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിലേക്കുള്ള കടന്നുകയറ്റം. ഇത് അനുവദിക്കില്ല. 97-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യംചെയ്ത ഹര്‍ജിയിലെ വിധിയിലും അപ്പീല്‍ നല്‍കാനുള്ള അവസരം സര്‍ക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതും വിശദമായി പരിശോധിക്കുമെന്നും’ മന്ത്രി പറഞ്ഞു.
ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് ആര്‍ബിഐ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുമായും കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

