ലൈഫ് പദ്ധതി: ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി നല്‍കിയെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടത്തിപ്പിന് വേണ്ടി 1500 കോടി രൂപ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഭൂരഹിത, ഭവനരഹിതരില്‍ ഭൂമി ആര്‍ജ്ജിച്ച കുടുംബങ്ങള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമായ ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ചേര്‍ത്ത് ആദ്യഗഡു നല്‍കാനാവും. എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള തുടര്‍ന്നുള്ള ഗഡുക്കള്‍ ഹഡ്‌കോ ലോണ്‍ ലഭ്യമാകുന്നതോടെ വിതരണം ചെയ്യും. ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെട്ട് വീട് നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ത്വരിതപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

നിര്‍മ്മാണം ആരംഭിച്ച് വിവിധ സ്റ്റേജുകളിലുള്ള ഭവനങ്ങള്‍ മുഴുവനും ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ നടപടികള്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവണം. 2022 മെയ് മാസത്തിന് മുമ്പായി ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സജീവ സഹകരണം ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.