ചണ്ഡിഗഡ്:പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി പാർട്ടി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അധിക്ഷേപിച്ച സംഭവങ്ങൾക്കുമേൽ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ എത്രയും പെട്ടെന്ന് പരസ്യമാക്കിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നാണ് സിദ്ദു പറയുന്നത്. നേരത്തേ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോഴും സിദ്ദു ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
മയക്കുമരുന്ന് നിർമാർജനം വാഗ്ദാനം ചെയ്താണ് പാർട്ടി അധികാരത്തിൽ എത്തിയതെന്നും അതിനാൽ അതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അറിയാൻ ജനങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് സിദ്ദു പറയുന്നത്. റിപ്പോർട്ടുകൾ പരസ്യമാക്കുന്നതിൽ കോടതി എതിർപ്പറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിദ്ദുവിന്റെ പുതിയ നീക്കം സംസ്ഥാനത്ത് പാർട്ടിക്ക് തുടർ ഭരണം കിട്ടാനുള്ള സാദ്ധ്യത ഏതാണ്ട് പൂർണമായി തന്നെ ഇല്ലാതാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
അതേസമയം പാർട്ടി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രി കസേര ഉറപ്പിക്കുക എന്നതാണ് സിദ്ദുവിന്റെ തന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പാർട്ടി നേതൃത്വത്തിനും വ്യക്തമായി അറിയാം. അമരീന്ദറിനെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്നായിരുന്നു സിദ്ദുവിന്റെ പദ്ധതി. എന്നാൽ കോൺഗ്രസ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട് സംസ്ഥാന പോലീസ് മേധാവിയെയും അഡ്വക്കേറ്റ് ജനറലിനെയും നിയമിക്കുന്നതിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും അതും തള്ളുകയായിരുന്നു.

