കൊച്ചി: ഹലാൽ ഫുഡ് ഫെസ്റ്റുമായി കോൺഗ്രസ്. ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ… വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ…” എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോൺഗ്രസ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്. തൃശൂർ കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിലേക്ക് സംഘ്പരിവാറിന് കടന്നുവരാൻ കഴിയാത്ത സാഹചര്യത്തിൽ ഹലാൽ ഭക്ഷണം പോലുള്ള വിഷയങ്ങളിൽ വിവാദം സൃഷ്ടിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ അറിയിച്ചു. ഭക്ഷണത്തിലും വസ്ത്രത്തിലും നിറത്തിലും രാജ്യത്ത് സംഘ്പരിവാർ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ശോഭാ സുബിൻ കുറ്റപ്പെടുത്തി.
അതേസമയം ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘ്പരിവാറിനെതിരെ ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചിരുന്നു. ബീഫോ, പന്നിയോ, ചിക്കനോ നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് കഴിക്കാമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എസ് കെ സജീഷ് വ്യക്തമാക്കിയിരുന്നു.
അവനവന് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. എല്ലാവരും ഇന്നത് മാത്രമേ കഴിക്കാവൂ എന്ന് ശാഠ്യം പിടിച്ച് മറ്റുള്ളവരുടെ കറിച്ചട്ടിയിൽ തലയിടാൻ പോയാൽ അത് വക വച്ച് തരാൻ ഈ നാട് തയ്യാറല്ലെന്നും ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന് മതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

