തിരുവനന്തപുരം: ഡിജിപി അനില്‍ കാന്തിന് 2023 ജൂണ്‍ 30 വരെ സംസ്ഥാന പോലീസ് മേധാവിയായി തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് ലോക്‌നാഥ് ബഹ്റ വിരമിച്ച ഒഴിവിലേക്ക് അനില്‍ കാന്തിനെ ഡിജിപിയായി നിയമിക്കുന്നത്. ഡിജിപിയായി നിയമിക്കുന്ന അവസരത്തില്‍ ഏഴു മാസത്തെ കാലാവധി മാത്രമേ സര്‍വീസില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.
എഡിജിപി തസ്തികയില്‍ നിന്നുമാണ് അനില്‍ കാന്ത് ഡിജിപി കസേരയില്‍ എത്തുന്നത്. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പോലീസിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അനില്‍ കാന്ത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എം എ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസ് നേടുന്നത്. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ്.
മുന്‍ ഡിജിപിയെ പോലെ വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനില്‍ കാന്ത് പോലീസ് മേധാവിയായത്.

