മത്സ്യമേഖലക്ക് ആശ്വസിക്കാം; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 1,59,481 കുടുംബങ്ങള്‍ക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്.

2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കനത്ത മഴയെയും പ്രകൃതിക്ഷോഭത്തെയും തുടര്‍ന്ന് 26 ദിവസം മത്സ്യമേഖലയില്‍ തൊഴില്‍ നഷ്ടമായിരുന്നു. ഈ കാലയളവില്‍ വരുമാനം നഷ്ടപ്പെട്ട ദീരദേശ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ 1200 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 47.84 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്.