ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതിയില്ല

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയില്ല. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐയുടെ ഹര്‍ജികള്‍ നവംബര്‍ 29ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

ഐഎസ്ആര്‍ഒ ചാരകേസില്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരെ കുടുക്കാന്‍ വിദേശ രാജ്യങ്ങളിലെ ഏജന്‍സികളുമായി കേസിലെ പ്രതികളായ മുന്‍ ഐ ബി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായി സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എസ്. വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാദത്ത്, ആര്‍ ബി ശ്രീകുമാര്‍, പിഎസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ്. വി രാജു വാദിച്ചു. ചാരക്കേസ് കാരണം ക്രയോജിനിക് സാങ്കേതിക വിദ്യയുടെ വികസനത്തില്‍ ഇന്ത്യ ഇരുപത് വര്‍ഷത്തോളം പിന്നാക്കം പോയെന്നും എസ്.വി രാജു കോടതിയില്‍ വ്യക്തമാക്കി.