വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. വന്യജീവികളെ വെടിവെച്ച് കൊല്ലുന്നതിന് പകരം മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതെ തടയാനുള്ള പദ്ധതി തയ്യാറാണെന്നും കേന്ദ്രവുമായി പദ്ധതി ചര്‍ച്ച ചെയ്‌തെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ഒരു വര്‍ഷത്തേക്കു ക്ഷുദ്രജീവിയായിപ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാരിനു പലതവണ കത്തുകള്‍ അയച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു നേരിട്ടു കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, സംസ്ഥാന വനം മേധാവി പി.കെ കേശവന്‍ എന്നിവരും പങ്കെടുത്തു.

കാട്ടുപന്നിയെ കേന്ദ്രം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനമേഖലക്കു പുറത്ത് ആര്‍ക്കും ഇവയെ കൊല്ലാം. ഇറച്ചിയും ഉപയോഗിക്കാം. കൊല്ലാനും ജഡം മറവു ചെയ്യാനും വനം വകുപ്പിന്റെ അനുമതി ആവശ്യമില്ല. കാക്ക, വവ്വാല്‍, ചുണ്ടെലി, എലി എന്നിവയാണ് കേരളത്തില്‍ ഇതുവരെ ക്ഷുദ്രജീവികളുടെ പട്ടികയിലുള്ളത്.