ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്നലെ നടന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി സിംഘുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് തീരുമാനം.
താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക, സമരക്കാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും യോഗത്തില്‍ തീരുമാനമായി. ഈ കത്ത് അടുത്ത ദിവസംതന്നെ പുറത്തിറക്കും. ഇതിനു ശേഷം 27-ാം തീയതി വീണ്ടും യോഗം ചേരും. കത്തിനുള്ള മറുപടി ഈ യോഗത്തില്‍ വിലയിരുത്തും. ഈ യോഗത്തിലായിരിക്കും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. നിലവില്‍ നിശ്ചയിച്ചിട്ടുള്ള 27-ാം തീയതി വരെയുള്ള സമരപരിപാടികള്‍ അതനുസരിച്ചുതന്നെ നടക്കും.
സമരസമിതി നേതാക്കളെ സര്‍ക്കാര്‍ അനൗദ്യോഗികമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, നേരത്തെ നിശ്ചയിച്ച കര്‍ഷക റാലികള്‍ നടത്തുമെന്നും ലഖ്‌നൗ മഹാപഞ്ചായത്തില്‍ മാറ്റമില്ലെന്നും നേതാക്കള്‍ അറിയിച്ചു.

