ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നലെ പോലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ജില്ലാ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് ഉന്നത നേതാക്കളെയടക്കം ആറ് ഭീകരരെയാണ് സൈന്യം വ്യത്യസ്ത നീക്കങ്ങളിലൂടെ വധിച്ചത്. ഭീകരര്‍ക്ക് ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നതായാണ് സൈനിക വക്താക്കള്‍ സൂചിപ്പിച്ചത്.
ഏറ്റുമുട്ടല്‍ നടക്കുന്ന ആഷ്മുജി പ്രദേശത്ത് പോലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും ശക്തമായ നിരീക്ഷണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഇന്നലെ രണ്ട് ഭീകരവാദികളെ കണ്ടെത്തിയിരുന്നു. അതിനാല്‍ പൊതുജനങ്ങള്‍ പ്രദേശത്ത് നിന്ന് മാറി നില്‍ക്കാനും സൈന്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഭീകരവാദികളോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഭീകരവാദികള്‍ സൈന്യത്തിന് നേരെ പരക്കെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സൈന്യം തിരിച്ചടിച്ചെന്നും, സൈനിക വക്താവ് വ്യക്തമാക്കുന്നു. തുടര്‍ന്ന് നടന്ന കനത്ത ഏറ്റുമുട്ടലില്‍ ഭീകരവാദിയായ ദേവ്‌സര്‍ ജില്ലയിലെ മുദാസിര്‍ അഹമ്മദ് വാഗെ കൊല്ലപ്പെട്ടതായി വക്താവ് അറിയിച്ചു. 2018 മുതല്‍ തന്നെ വാഗെ ഭീകര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതായി ഏറ്റുമട്ടലിനിടയില്‍ ലഭിച്ച രേഖകളില്‍ നിന്ന് മനസ്സിലാക്കുന്നതായി പോലീസ് പറഞ്ഞു.
നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പാറ ഗ്രമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡര്‍ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.

