സ്വകാര്യ മേഖലയിലും പി.എഫ് നിക്ഷേപിക്കാന്‍ അനുമതി; പെന്‍ഷന്‍ വിഷയം, സാമൂഹിക സുരക്ഷാ കോഡ് പരിശോധിക്കാന്‍ ഉപസമിതി

pention

ന്യൂഡല്‍ഹി: വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ നീക്കവുമായി ഇ.പി.എഫ്.ഒ. സ്വകാര്യ മേഖലയിലെ ബോണ്ടുകളിലും ഓഹരികളിലും പ്രോവിഡന്റ് ഫണ്ട് നിക്ഷേപം നടത്തുമെന്ന് ഇന്നലെ ചേര്‍ന്ന ഇ.പി.എഫ്.ഒ. ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. പെന്‍ഷന്‍ വിഷയവും സാമൂഹിക സുരക്ഷാ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കാന്‍ രണ്ടു ഉപസമിതികള്‍ രൂപവത്കരിക്കാനും ട്രസ്റ്റ് യോഗം തീരുമാനിച്ചു. തൊഴില്‍വകുപ്പ് സെക്രട്ടറിയായിരിക്കും ഈ സമിതികളുടെ അധ്യക്ഷന്‍. ഡിജിറ്റല്‍ ശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തിനും ഉപസമിതി ഉണ്ടാക്കും.

ഓരോ വര്‍ഷവും ഏകദേശം രണ്ടുലക്ഷം കോടി രൂപയാണ് ഇ.പി.എഫ്.ഒ. വിപണിയില്‍ നിക്ഷേപിക്കുന്നത്. ഇതിന്റെ 85 ശതമാനം സര്‍ക്കാര്‍ ബോണ്ടുകളിലും 15 ശതമാനം ഓഹരിയിലുമാണ്. ഇനി കൂടുതല്‍ വരുമാന സാധ്യതകള്‍ പരിശോധിച്ച് സ്വകാര്യ മേഖലയിലെ ബോണ്ടുകളിലും ഓഹരികളിലും കൂടി നിക്ഷേപം നടത്താം. മുന്‍ വര്‍ഷത്തെ നിക്ഷേപത്തില്‍നിന്ന് താരതമ്യേന മികച്ച വരുമാനം ലഭിച്ചതിനാലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എട്ടര ശതമാനം പലിശ നല്‍കിയത്.

ഇതുവരെ സര്‍ക്കാര്‍ ബോണ്ടുകളിലും ഓഹരികളിലും മാത്രമാണ് നിക്ഷേപം നടത്തിയിരുന്നത്. ഓരോ നിക്ഷേപ നിര്‍ദ്ദേശവും ഇ.പി.എഫ്.ഒ.യ്ക്ക് കീഴിലുള്ള ഫിനാന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഓഡിറ്റ് കമ്മിറ്റി(എഫ്.ഐ.എ.സി) പരിശോധിച്ച ശേഷമായിരിക്കും സ്വകാര്യ ബോണ്ടുകളിലും ഓഹരികളിലും പണം ഇറക്കുക. വിപണിയിലെ നിക്ഷേപത്തിന് പരമാവധി വരുമാനം ഉറപ്പാക്കുകയാണ് പുതിയ തീരുമാനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇ.പി.എഫ്. ബോര്‍ഡ് ട്രസ്റ്റ് അംഗം കെ.ഇ. രഘുനാഥന്‍ പറഞ്ഞു.