തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണം നടത്തി ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നും മന്ത്രി പറഞ്ഞു.
ഇനിമുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിങും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണം. ഇതോടൊപ്പം സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം’, മന്ത്രി നിര്‍ദ്ദേശിച്ചു.
ബന്ധുവിന് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ ദേവും സെക്യൂരിറ്റി ജീവനക്കാര്‍ വാര്‍ഡില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പ്രകോപിതരായ ജീവനക്കാര്‍ അരുണിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ അരുണ്‍ ദേവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അത്യഹിതവിഭാഗത്തില്‍ ചികിത്സക്ക് എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ വീണ്ടും മര്‍ദ്ദിച്ചു. സംഭവത്തില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദ്ദേശം.

