കണ്ണൂര്‍: കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ച വാര്‍ത്ത വന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘വിജയം വരെയും സമരം ചെയ്യും എന്ന് മുദ്രാവാക്യം വിളിച്ചത് വെറുതെയല്ല. സഖാവ് കെ കെ രാഗേഷ് നയിച്ച കര്‍ഷക സമരം ഡല്‍ഹിയിലും സഖാവിന്റെ ജീവിത സഖിയുടെ ഉദ്യോഗ സമരം കണ്ണൂരും വിജയിച്ചു. ഒരേ ദിവസം, ഏതാണ്ട് ഒരേ സമയം. ഈ വിജയം എല്ലാ സമര സഖാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു. അഭിവാദ്യങ്ങള്‍, ആശംസകള്‍’, ജയശങ്കര്‍ കുറിച്ചു.
അസോസിയേറ്റ് പ്രൊഫസര്‍ അഭിമുഖത്തില്‍ പ്രിയ വര്‍ഗീസിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് സര്‍വകലാശാല നിയമനം നല്‍കുമെന്ന് അറിയിച്ചത്. എന്നാല്‍, മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതെന്ന് ആരോപിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

