ലോകയാത്രയില്‍ മാത്രമല്ല ജീവിതയാത്രയിലും ഇനി മോഹന തനിച്ചാണ്. യാത്ര പാതിയില്‍ നിര്‍ത്തി വിജയന് മടങ്ങി. കൊച്ചി കടവന്ത്ര ഗാന്ധിനഗറില്‍ ചായക്കട നടത്തി വരുമാനത്തില്‍നിന്നു പണം സ്വരുക്കൂട്ടിവച്ച് വിദേശ യാത്രകള്‍ നടത്തിയാണ് കെ.ആര്. വിജയനും ഭാര്യ മോഹനയും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. കൊവിഡിനു ശേഷം റഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസമാകും മുമ്പ് വിജയന് ജീവിതത്തില്‍ നിന്നും യാത്രയായി.
ആഗ്രഹങ്ങള്‍ മനസ്സില്‍ വച്ചു പൂട്ടാനുള്ളതല്ല, സഫലമാക്കാനുള്ളതാണ് എന്നു തെളിയിച്ച ജീവിതമാണ് വിജയന്റെയും ഭാര്യ മോഹനയുടെയും. ഉലക സഞ്ചാരികളായ ഈ ദമ്പതികളെ അറിയാത്ത യാത്രാപ്രേമികള്‍ ഉണ്ടാകില്ല. വിജയന് യാത്ര ചെയ്യാനുള്ള ആഗ്രഹം ലഭിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. അച്ഛനോടൊപ്പം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തുച്ഛമായ വരുമാനം കൂട്ടിവച്ച്, ഒരു സാധാരണക്കാരനു സ്വപ്നം കാണാന്‍ പോലും കഴിയാത്ത ദൂരമത്രയും വിജയനും മോഹനയും സഞ്ചരിച്ചു. ഓസ്ട്രേലിയയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മുതലുള്ള മോഹമായിരുന്നു വിജയനു റഷ്യയില്‍ പോകണമെന്നത്. ആ സ്വപ്ന യാത്രയും നടത്തിയാണ് വിജയന് വിടവാങ്ങിയത്. സിംഗപ്പൂരും മലേഷ്യയും യുഎസ്എയും സ്വിറ്റ്സര്ലന്ഡുമെല്ലാം സന്ദര്‍ശിച്ചിട്ടുള്ള ദമ്പതികളുടെ ആഗ്രഹം ഇനിയും ലോകം കാണണമെന്നായിരുന്നു.
ഇത്രയും കാലത്തിനിടക്ക് ഇവര്‍ 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എങ്കിലും ഏറെയിഷ്ടം കേരളം തന്നെയായിരുന്നു. ബാങ്കില്‍നിന്നു ലോണ്‍ എടുത്തും സ്വര്‍ണം പണയം വച്ചും വീടിന്റെ ആധാരം പണയത്തിലാക്കിയുമൊക്കെ ആയിരുന്നു ഇവരുടെ യാത്രകള്‍. ലോകം കാണാന്‍ ഉള്ളതാണ്, അത് കണ്ടു തന്നെ അറിയണം എന്നായിരുന്നു വിജയന്റെ നിലപാട്.
വിജയനെയും മോഹനയെയും പറ്റി കേട്ടറിഞ്ഞെത്തിയ ദേശീയ മാധ്യമങ്ങളടക്കമുള്ളവരിലൂടെയാണ് ദമ്പതികളെ കുറിച്ച് ലോകമറിയുന്നത്. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിന്‍സ്കി എന്ന വിഖ്യാത ട്രാവല്‍ ബ്ലോഗറും കൊച്ചിയിലെ തെരുവില്‍, ശ്രീ ബാലാജി കോഫി ഹൗസിലെത്തി, യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞു, ലോകത്തിനുമുമ്പില്‍ പങ്കുവച്ചു.

