കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നതു വരെ സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത്

ഗാസിയാബാദ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപനം വന്നെങ്കിലും നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നതുവരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

സമരം അടിയന്തരമായി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണം. നിയമ സംബന്ധമായ രേഖകള്‍ കാണിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പുതിയൊരു തുടക്കം കുറിക്കാനാവുകയുള്ളൂവെന്നും ടിക്കായത്ത് പറഞ്ഞു. സമരത്തില്‍ എഴുന്നൂറ്റിയന്‍പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പലരുടെയും പേരില്‍ കേസുകള്‍ നില നില്‍ക്കുന്നെന്നും ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുനാനക് ജയന്തിയോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ബില്ലിന്റെ ഗുണഫലങ്ങള്‍ സംബന്ധിച്ച് ഒരു വിഭാഗം കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ലെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും പ്രധാവമന്ത്രി പറഞ്ഞിരുന്നു.