രാജ്യത്ത് അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇനി മുതല്‍ അപ്രൈസല്‍ സംവിധാനം

ന്യൂഡല്‍ഹി: രാജ്യത്ത് അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇനി മുതല്‍ അപ്രൈസല്‍ സംവിധാനം നിലവില്‍ വരുന്നു. അധ്യാപകരുടെ പ്രവര്‍ത്തന മികവിനനുസരിച്ചായിരിക്കും ഇനി മുതല്‍ ശമ്പളം തീരുമാനിക്കുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനായി നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ് എന്ന മാര്‍ഗരേഖയുടെ കരട് നാഷണല്‍ കൊണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ തയ്യാറാക്കി.

അധ്യാപകര്‍ക്ക് പ്രധാനാധ്യാപകര്‍ ആകുമ്പോഴല്ലാതെ കരിയര്‍ വളര്‍ച്ചയില്ലെന്നും അക്കാദമിക മികവ് പുലര്‍ത്തുന്നില്ലെന്നുമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അധ്യാപകരുടെ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒതുങ്ങരുതെന്നും പുതിയ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്നുമാണ് മാര്‍ഗരേഖയിലെ ശുപാര്‍ശ.

ബിഗിനര്‍ ആയാകും നിയമനം. മൂന്ന് വര്‍ഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എക്‌സ്പര്‍ട്ട് തലത്തിലേക്കും അപേക്ഷിക്കാം. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാകും ലീഡ്‌ ടീച്ചറായി പരിഗണിക്കുക. ഇതിന് ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കും. കൂടാതെ, എല്ലാ വര്‍ഷവും 50 മണിക്കൂറെങ്കിലും തുടര്‍പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. കരടു മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 16 വരെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.