പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ 10 ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി. പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും, എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്നും കോടതി വിമര്‍ശിച്ചു. ഇത് മാറ്റാന്‍ എത്ര സമയം വേണം? അടി പേടിച്ച് ഇത് മാറ്റാന്‍ ആര്‍ക്കും ധൈര്യമില്ല. നിയമ വ്യവസ്ഥയുടെ അഭാവമാണ് ഇതെന്നും കോടതി ആരോപിച്ചു.

സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ എത്രയാണ് അനധികൃതമെന്ന് കോടതി ചോദിച്ചപ്പോള്‍ കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ആര്‍ക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതിയെന്നും കോടതി കുറ്റപ്പെടുത്തി.