കോഴിക്കോട്: വിട്ടുപോയവരെ വരുതിയിലാക്കി ആര്‍.എം.പി യെ ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ സിപിഎമ്മിനുള്ളത്. ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പിക്ക് രൂപം നല്‍കിയപ്പോള്‍ ‘കുലംകുത്തി’കളെന്ന് അധിക്ഷേപിച്ച് പാര്‍ട്ടി അന്ന് പുറന്തള്ളിയവരെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് സിപിഎം. ഏറാമല പഞ്ചായത്ത് ഭരണം ജനതാദളിന് കൈമാറുന്നതിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ മൂര്‍ഛിച്ച് 2009 ലാണ് ആര്‍.എം.പി രൂപം കൊണ്ടത്. സ്വതന്ത്രനായി ആ വര്‍ഷം ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോള്‍ 21,800 വോട്ട് നേടിയതും പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. 2012 ലാണ് ടി.പി ചന്ദ്രശേഖരനെ കൊലക്കത്തിക്ക് ഇരയാക്കിയത്.
അതേസമയം, ആര്‍.എം.പി വടകര ഏരിയ സെക്രട്ടറിയടക്കം 16 പേര്‍ കഴിഞ്ഞ ദിവസം സി.പി.എമ്മിലേക്ക് തിരിച്ചെത്തി. പാര്‍ട്ടി ഒഞ്ചിയം ഏരിയാ സമ്മേളനവും കോഴിക്കോട് ജില്ലാ സമ്മേളനവും കഴിയുമ്പോഴേക്കും ആര്‍.എം.പി ഏതാണ്ട് ഇല്ലാതാകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം ഇപ്പോള്‍. ഇതിനായി ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലുമായി പാര്‍ട്ടി നേതാക്കള്‍ വീടുകള്‍ തോറും കയറിയിറങ്ങി കൊണ്ടുപിടിച്ച ശ്രമത്തിലാണ്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം നിറഞ്ഞ മനസോടെ പാര്‍ട്ടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരുക്കിയ സ്വീകരണയോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സി.പി.എമ്മിന്റെ ഭയവും ആശങ്കയുമാണ് അവരെക്കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിക്കുന്നതെന്നായിരുന്നു ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിന്റെ പ്രതികരിച്ചു. ‘സ്വപ്നത്തില്‍ പോലും അവര്‍ കരുതിയതല്ല ഞങ്ങള്‍ക്ക് ഒരു എം.എല്‍.എ ഉണ്ടാകുമെന്ന്. അതും അവരുടെ ഉരുക്കുകോട്ടയായി വാഴ്ത്തുന്ന വടകരയില്‍. ഇപ്പോള്‍ ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നുണ്ട്. മാവൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിനൊപ്പം ഭരണം പങ്കിടുന്നുമുണ്ട്. കുന്ദംകുളം നഗരസഭയിലും നാലു സീറ്റായി. വലിയ വളര്‍ച്ചയാണ് പാര്‍ട്ടിക്ക്. അത് അവരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങള്‍ അച്ചടക്ക നടപടിയെടുത്തവരെ കൊണ്ടുപോയി മഹാസംഭവമെന്ന് പറഞ്ഞ് വാര്‍ത്തയുണ്ടാക്കുന്നതില്‍ കാര്യമില്ല’ വേണു പറഞ്ഞു.

