തിരുവനന്തപുരം: തിരുവനന്തപുരത്ത് സി-ഡാക്കിലെ പുതിയ സൈബർ ഫോറൻസിക് ലാബ് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സൈബർ ഫോറൻസിക് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സിഡാക് വികസിപ്പിച്ച രണ്ട് ഉത്പന്നങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കേന്ദ്ര മന്ത്രിയായ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ സി ഡാക് സന്ദർശിക്കുന്നത്. യുവ സംരംഭകരുമായി കേന്ദ്രമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.
ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ അതിവേഗ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുന്ന കിയോസ്കിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്. എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനിലുമെല്ലാം സ്ഥാപിക്കാവുന്ന അതി നൂതന ഫോറൻസിക് ടൂൾ ആണ് പുതിയ ഡിജിറ്റൽ ഫോറൻസിക് കിയോസ്ക്. ഫോണോ ലാപ്ടോപ്പോ കണക്ട് ചെയ്ത് പെട്ടെന്ന് പരിശോധന പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ കിയോസ്ക് സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യമാണെങ്കിൽ മാത്രം ഇനിഉപകരണം കസ്റ്റഡിയിലെടുത്താൽ മതി. സംശയം തോന്നുന്ന ഡിവൈസുകൾ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കുന്നതിലുണ്ടാകുന്ന കാലതാമസം പുതിയ ഡിവൈസിലൂടെ ഒഴിവാക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
വെള്ളത്തിനടയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന സബ്മറൈൻ ഡ്രോണാണ് മന്ത്രി ലോഞ്ച് ചെയ്ത രണ്ടാമത്തെ സി ഡാക്ക് ഉത്പന്നം. നാവിക സേനയ്ക്ക് അടക്കം മുതൽ കൂട്ടാകുന്ന ഡ്രോൺ ഉപയോഗിച്ച് സമുദ്രത്തിലും നദികളിലും നിരീക്ഷണം നടത്താൻ കഴിയും.

