കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോന്‍സനെതിരെ ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് എടുത്ത കേസുകളുടെ വിവവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി അന്വേഷണ സംഘത്തിന് കത്ത് നല്‍കി.
മോന്‍സന്‍ മാവുങ്കലിന് പുറമെ മുന്‍ ഡ്രൈവര്‍ അജി, മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷി എന്നിവരാണ് കൂട്ടു പ്രതികള്‍. പുരാവസ്തുക്കളുടെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്. പുരാവസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനുമായി കോടികള്‍ ചിലവഴിച്ചെന്ന് വിവിധ പരാതികളിലുണ്ട്. ഒക്ടോബര്‍ 3 വരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കും. ഒരു രേഖയുമില്ലാതെ പലരും മോന്‍സന്റെ പുരാവസ്തു ഇടപാടുകള്‍ക്ക് കോടികള്‍ നിക്ഷേപിച്ചതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി എടുക്കും. മോന്‍സനും ജോഷിയും നിലവില്‍ ജയിലിലാണ്. ഇവരെ ചോദ്യം ചെയ്യാനുള്ള നടപടിയും ഇഡി തുടങ്ങി.
അതേസമയം, പുരാവസ്തു സാമ്പത്തിക കേസില്‍ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയേയും മുന്‍ ഡിജിപി മനോജ് എബ്രഹാമിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇവര്‍ രണ്ട് പേരും എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

