അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം; കമാന്‍ഡിംഗ് ഓഫീസറും കുടുംബവും സൈനികരും കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അസം റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് കേണലിന്റെ വാഹനത്തിന്റെ ഡ്രൈവറും വെടിയേറ്റു മരിച്ചു.

അസം റൈഫിള്‍സ് കേണലിന്റെ വാഹനവ്യൂഹത്തിന് നേരെ കനത്ത ആയുധധാരികളായ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ വിപ്ലവ് ത്രിപാഠിയുടെ ഭാര്യയും മകനും ഡ്രൈവറും, വാഹനത്തെ അനുഗമിച്ചിരുന്ന മൂന്ന് സൈനികരും കൊല്ലപ്പെട്ടു. രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

സംഭവത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗും അപലപിച്ചു. ആക്രമണത്തിന് കാരണമായവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇതുവരെ ഒരു തീവ്രവാദ സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. തീവ്രവാദികളെ പിടികൂടാന്‍ പോലീസും സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.